ന്യൂ പൂന റെസിഡന്‍സി





















നഗരം
മറ്റേതുംപോലെയല്ല,  
തികച്ചും ശാന്തമെന്നു കേള്‍വിപ്പെട്ടത്, 

പെട്ടെന്നാണ് അതുവഴി പല മുകള്‍വഴികള്‍ വന്നത്
നിനച്ചിരിക്കാതെയാണ് വഴിയോരക്കച്ചവടക്കാരി
തികച്ചും അപരിചിതമായ ഏതൊക്കെയോ നാട്ടിലെ
പൂപോലിരിക്കുന്ന പഴവും
പഴംപോലിരിക്കുന്ന പൂവും
വൈകുന്നേരങ്ങളില്‍ നനച്ച ചാക്കിന്‍വിരിപ്പില്‍ നിരത്തുന്നത്

ഇവിടെ ഞാനെന്തിനു വന്നു
എന്തിന് ഒരു എട്ടു വയസ്സുകാരനായ
കുട്ടിയേയും കൊണ്ടു നടക്കുന്നു
എന്നൊന്നും ചോദിക്കരുത്

ബെഡ്റൂംഹാള്‍ കിച്ചന്‍ പൂട്ടിയിറങ്ങി
ഒരു വൃദ്ധയുടെ ഷൂസിന്‍ പതനം നോക്കി നോക്കി
ഇങ്ങനെ നടക്കുന്നു എന്നത് മാത്രമാണ് കാര്യം

ഭര്‍ത്താവുമൊത്ത് നടന്നുനീങ്ങുന്ന
പാഠങ്ങള്‍ , ഹയ് എനിക്കറിയാം
ഇവ തികച്ചും ഇവിടത്തെയാണ്.
പ്രശാന്തമായ ചില കാലങ്ങളെ
അനുസ്മരിപ്പിച്ചുകൊണ്ട് 
അവ ഇപ്പോഴും മണ്ണറിഞ്ഞു നടക്കുന്നു.
കൃത്യതയോടെ
പരിചയത്തോടെ
അതിശയത്തോടെ
പതിയെ നീങ്ങുന്നു
പിന്‍വാങ്ങിയ ഒരു ദാമ്പത്യചിത്രം

വഴിയോരക്കച്ചവടക്കാരിയുടെ ത്രാസ്സില്ലാത്ത വില്‍പ്പനയില്‍
തീരെ താല്‍പ്പര്യമില്ലാതെ ഒരു യുവാവ്
ധൃതിയില്‍ സുപ്പര്‍മാര്‍ക്കറ്റിലേയ്ക്ക്  കയറിപ്പോയ്.
അവിടെ നിന്നും പൂപോലുള്ള പഴവും
മരംപോലുള്ള ഇറച്ചിയും വാങ്ങി വരുമ്പോള്‍
അയാളുടെ കണ്ണ് 'ന്യൂ പൂന ബേക്കറി'യില്‍ തട്ടിനില്‍ക്കുകയാണ്.

അസലാകുന്നു
കൃത്യം വഴികളില്‍ അയാള്‍ നടന്നുനീങ്ങുന്നു
ഇയാള്‍ക്ക് നടപ്പ് നല്ലപരിചയമുണ്ട് 
നടക്കുന്നത് ഒരു ഡയഗ്രത്തിലെ വരകളിലാണ്
ഒരു ഷൂസിനെയും പിന്തുടരേണ്ടതില്ലെന്നു തീരുമാനിച്ചിട്ടുണ്ടാകും .   

പാഞ്ഞുപോകുന്ന അടുത്ത വോള്‍വോ
എക്സ്പ്രസ്‌വേ കയറി വന്ന്
ആകെയുലഞ്ഞുവലഞ്ഞു നില്‍പ്പായല്ലോ  

വേണ്ട, എനിക്ക് ബെഡ്റൂംഹാള്‍ കിച്ചനിലേക്ക്
തിരികെപോകാന്‍ തോന്നുന്നു.

ഇനിമേല്‍ ഏതു നഗരത്തില്‍പ്പോയാലും അതങ്ങനെയായേക്കും
അറിയാമല്ലോ, എന്റെ നഗരത്തിലും ഇനിയൊരറിയിപ്പുണ്ടാകുംവരെ
പ്ളാസ്റ്റിക് കവറുകള്‍ നിരോധിച്ചിരിക്കുകയാണ്

ആകെ മുത്ത് വിതറിയ രാത്രിയില്‍
ആദ്യമായി ലോനാവാല കയറിവരുമ്പോള്‍
ഞാന്‍ രവിവര്‍മ്മയെ ഓര്‍ത്തിരുന്നു.
ഏറ്റവുംപുതിയ ഇന്ദ്രജാലവുമായി
തെക്കുനിന്നൊരു ചിത്രകാരന്

അയാള്‍ അരികിലിരുത്തി കണ്ട സുഗന്ധി
അവളുടെ സാരി മൂക്കുത്തി മറാത്തി..
മുല്ലപ്പൂചൂടി പെട്ടെന്ന് മലയാളിയായി
മറ്റെങ്ങോ വെളിപ്പെട്ടോള്‍
  
തണുപ്പ് വിഴുന്ന മലനിരകളില്‍
ചിത്രങ്ങള്‍ യന്ത്രത്തില്‍ അമര്‍ന്നുതിര്‍ന്നു വരുന്ന
ഒരു ഫാക്ടറിയുണ്ടാക്കി   
പുതിയ സൂത്രം കൊണ്ടു
അയാള് അരികിലിരുത്തി കണ്ട പുതിയ കാഴ്ചകളെത്ര

അതെല്ലാം അതിശയങ്ങളുടെ
എങ്ങുനിന്നോ ഉള്ള വരവും
എങ്ങോട്ടോ ഉള്ള പോക്കും ആയിരുന്നു

ഹേ ഹൈവേ മാന്‍ ,
മിസ്റ്റര്‍ വോള്‍വോ!
താങ്കള്‍ എന്നെ കൊണ്ടു തട്ടിയതോ
എട്ടും പൊട്ടും തിരിയാത്ത
ഒരു വഴിയോര സ്ഫടികലോകത്ത്
യാത്രക്കിടയിലെ വിശ്രമ സങ്കേതത്തില്‍
അതും വെറും ഇരുപതുമിനിറ്റ് മാത്രം

അതോടെ  പെട്ടെന്ന്
എനിക്ക് എല്ലാ ഇന്ദ്രജാലവും
മറന്നുപോയതുപോലെ
അനുഭവപ്പെടുകയാണുണ്ടായത്
പൂ പോലെ പഴവും
പഴംപോലെ പ്ലാസ്റ്റിക്കും കുമിഞ്ഞ്
എന്റെ ഓര്‍മ്മകളില്‍
മുഷിഞ്ഞ ഒരു കരിമ്പടം പെട്ടെന്നുവന്നുവീഴുകയാണുണ്ടായത്

അതാ കാത്തുകിടക്കുന്ന ഒരു പന്നിവണ്ടിയില്‍
ജോലി കഴിഞ്ഞുവരുന്ന അടുത്ത യുവതിയും കയറുന്നു.
പേരും ഊരും ലാമിനേറ്റ്  ചെയ്ത മാലയൂരി ബാഗിലിട്ടു
അവളും വണ്ടി വിടുന്നതോര്‍ത്തു കുനിഞ്ഞിരിപ്പാകുന്നു

ഇനിമേല്‍ ഏത് നഗരത്തില്‍പ്പോയാലും ഇതിങ്ങനെയായെക്കും
ജനലരികുകളില്‍ പറ്റിപ്പിടിച്ച് ... എന്തോരാന്തരികത അല്ലേ..?

എരുമച്ചാണകം
വെയിലില്‍ മങ്ങുന്ന സ്വാമിയാണ്
കൊട്ടു കഴിഞ്ഞുറങ്ങുന്ന ദോലക്ക്
മാന്‍പ്രീത് റെസിഡന്‍സി

ഏതോ ഷൂസ് പോയ വഴിക്ക് നടക്കുന്ന എന്നെ നോക്കി
എട്ടുവയസ്സുകാരനായ കുട്ടിയും
കണ്ണുരുട്ടുന്നു

അവനും വേഗം പോണമത്രേ ആ
ബെഡ്റൂം ഹാള്‍ കിച്ചനിലേക്ക്..

7 comments:

kavanad said...

ഹലോ കവിത.ഒരുപാട് നാളായല്ലോ അല്ലെ തമ്മില്‍ കണ്ടിട്ട്.......... ഇപ്പോള്‍ കണ്ടതില്‍ സന്തോഷം. അതും നല്ലൊരു രചനയുമായി.

ഭാവുകങ്ങള്‍

sahyan said...

i like it

ശ്രീജിത്ത് അരിയല്ലൂര്‍ said...
This comment has been removed by the author.
ശ്രീജിത്ത് അരിയല്ലൂര്‍ said...

gauravamaaya vaayana arhikkunnu...santhosham...!!!

ശ്രീജിത്ത് അരിയല്ലൂര്‍ said...
This comment has been removed by the author.
രാജേഷ്‌ ചിത്തിര said...

nannayi....

ധന്യാദാസ്. said...

ഫീലുള്ള വായന നല്‍കിയ വരികള്‍ . വലിയ ക്യാന്‍വാസില്‍ എഴുതിയിരിക്കുംപോഴും സൂക്ഷ്മമായ പലതിനെയും പെറുക്കിയെടുത്തു വെച്ചിട്ടുണ്ട് വരികള്‍ക്കിടയില്‍ . ഒരു യാത്ര ചെയ്ത തോന്നല്‍ - കവിത പറഞ്ഞ് തന്ന വിശാലമായ നടപ്പാതകളിലൂടെ.

കവിതേച്ചീ.. നന്ദി .
സ്നേഹപൂര്‍വ്വം .
ധന്യ.