അല്‍പ്പന്മാരുടെ ഭൂരിപക്ഷം



                                            പി.എന്‍.ഗോപീകൃഷ്ണന്‍ 











"മീന്‍ കുളിച്ചിടത്തോളം
ഒരു ജന്തുവും കുളിച്ചിട്ടില്ല.
കഴുകിക്കഴുകി വൃത്തിയായിട്ടും
മീനേ,
ഇനിയുമെന്തിനാണ്
ജലത്തില്‍ കിടക്കുന്നത്?

നിനക്കൊന്നു മുഷിഞ്ഞുകൂടെ?"

"മുഷിയാന്‍വേണ്ടി
ഞാന്‍ കരയ്ക്ക്‌കയറിയപ്പോള്‍
നീ കത്തിയുമായി
ഓടിവരുന്നത് കണ്ടു."

"കത്തികള്‍ അങ്ങനെയാണ്
അതിരിക്കുന്ന കയ്യിനെ
വൃത്തികെട്ടതാക്കും.
മനസ്സിനെ ഗൂഢാലോചനയാക്കും.
മീനേ, ഞാനല്ല,
ഈ കത്തി
തലമുറകള്‍ക്കുമുന്‍പ്
ആരോ വെച്ചുതന്നത്.
നിനക്ക് ചെതുമ്പലുകളും ചിറകുകളും
വെച്ചുതന്നമാതിരി."

"കത്തി കയ്യില്‍ വെച്ചുള്ള
നിന്റെ പശ്ചാത്താപത്തിന്
ഒരു ചേലുമില്ല.
നിന്റെ കുഞ്ഞുങ്ങള്‍
എന്തിന്, കണ്മീനുകള്‍ പോലും
പേടിച്ചുപായുന്നു."

"എന്റെ കുഞ്ഞുങ്ങള്‍ *
എന്റെ കുഞ്ഞുങ്ങളല്ല
അവര്‍ വേറെ എവിടെയോ
നിന്നു വന്നു
വേറെവിടേക്കോ പോകുന്നു."

"എന്നാല്‍
എന്റെ കുഞ്ഞുങ്ങള്‍
എന്നില്‍ നിന്നു വന്നു.
ഈ കുളമല്ലാതെ
മറ്റൊരിടത്തേക്കും പോകാനുമില്ല."

"കിടപ്പറയില്‍
പൂച്ചയുണ്ട്‌.
പൂമുഖത്ത് തത്തയുണ്ട്.
ഉമ്മറത്ത് നായുണ്ട്.
ഉള്ളറയില്‍ പെണ്ണുങ്ങളുണ്ട്.
സ്കൂളില്‍ കുഞ്ഞുങ്ങളും. മീനെ
നിനക്ക് തരാം
സ്വന്തമായി
നാഴിവെള്ളം.
ഈ കുളം വിട്ടുവന്നാല്‍ ."

"ഇണങ്ങിനില്‍ക്കാന്‍
വാലിനു നീളമില്ല
നക്കാന്‍ നാക്കുമില്ല
ഏറ്റുചൊല്ലാന്‍പോയിട്ട്
പറയാന്‍പോലും ഭാഷയില്ല

പോ മനുഷ്യാ
സമയം മിനക്കെടുത്താതെ.
നിന്റെ പാര്‍ട്ടിപ്പരിപാടി പറയാന്‍
അല്‍പ്പന്മാരുടെ ഭൂരിപക്ഷം
അംഗീകരിക്കാവുന്ന
ആരുടെയെങ്കിലും
അടുത്തുചെല്ല്."

*ഖലീല്‍ജിബ്രാനെ വളച്ചൊടിച്ചത് 

11 comments:

ജസ്റ്റിന്‍ said...

ഈ കവിത വായിച്ചപ്പോള്‍ ആ വളഞ്ഞൊടിയാത്ത കവിത വായിക്കാന്‍ ഒരു മോഹം തൊന്നുന്നു.

എന്നിലെ വായനക്കാരനെ തൃപ്തിപ്പെടുത്തി ഈ കവിത.

നന്ദി

...: അപ്പുക്കിളി :... said...

...: എനിക്കും ബോധിച്ചു... 'പ്രോഫെറ്റ് ' വീണ്ടും വായിപ്പിക്കും :...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

Nice... really nice..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നിനക്കൊന്നു മുഷിഞ്ഞുകൂടെ?...

naakila said...

ഗോപ്യേട്ടാ
കവിത നന്നായി
ആശംസകള്‍

kavanad said...

ആശംസകള്‍



വളരെ വളരെ ഇഷ്ടമായി....ഉജ്ജ്വലമായഭാവന.......അടുത്തിടെ കണ്ട ബ്ലോഗ്‌ കവിതകളില്‍ ഏറ്റവും മികച്ചത്.

veliyan said...

കത്തിയ്ക്ക് കൂട്ടായി മുള്ള് വന്നത് മീനീന്നാണെന്ന് ഇപ്പൊ പുടി കിട്ടി.

veliyan said...
This comment has been removed by the author.
സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

കവിതയിലെ “ഗോപിയാശാൻ”

പ്രത്യേകതയുള്ള രാഷ്ട്രീയ കവിതകളാണ്

ഗോപിയാശാന്റേത്.

indrasena indu said...

മീനേ,
ഇനിയുമെന്തിനാണ്
ജലത്തില്‍ കിടക്കുന്നത്?
നിനക്കൊന്നു മുഷിഞ്ഞുകൂടെ?"
തീര്‍ച്ചയായും അതാണല്ലോ നമ്മുടെ പരിപാടി..
മുഷിയാതതിനെ മുഷിപ്പിച്ചും
ആനയെ കുളിപ്പിച്ച് പൊടിയില്‍ കിടത്തിയും മറ്റും മറ്റും
ജീവിക്കുന്ന സുമനസ്സുകള്‍
ഉള്ളില്‍ ഒരു ചെറു ചിരി ഊറിക്കുന്നു ഈ കവിത
എഴുതിയവര്‍ക്ക് നന്ദി

Unknown said...

thanks to all readings