1.
ഇരുട്ടില്‍
മിന്നാമിനുങ്ങുകള്‍ തിളങ്ങുന്നുണ്ട്.
മുറിച്ചു കളയാനാവാത്ത
വെളിച്ചത്തിന്റെ ഉടലില്‍
ഇനിയും
കടലിന്നടിയില്‍ നിന്ന്
ഉയര്‍ന്നു വരാത്ത
നഗരങ്ങളില്‍ നിന്ന്
കേള്‍ക്കാനിരിക്കുന്ന
കൂട്ട നിലവിളികളുടെ
ഒച്ചകളുണ്ട്.
2.
നിരന്നുനിന്നിട്ടും
വരി തെറ്റുന്ന
ആരാജകമായൊരു യാത്രയുണ്ട്.
ഇനിയൊരിക്കലും പാട്ടായ്പ്പിറക്കില്ലയെന്നു പറഞ്ഞ്
കടലിലേക്ക് മുങ്ങിപ്പോയ
ഒരു വണ്ടിന്കൂട്ടമുണ്ട്.
3.
എല്ലാ പടികളും ഇടറിപ്പോയ
രാത്രിയില്‍ നിന്ന്
ഇരുട്ടിന്റെ കീറുകള്‍
നിലാവിന്റെ മടിയിലേക്ക്
ചുരുങ്ങൊളിക്കുന്നു.
4.
ചീവീടുകളുടെ പാട്ടിന്
കാതോര്ത്തിരിക്കുമ്പോള്
ജീവിതത്തിലെ
എല്ലാ വെളിച്ചങ്ങളും
കൂടുതല്‍ പ്രകാശിക്കുവാനായി
കൂട്ടത്തോടെ അണയുന്നു.
5.
ഒരുമിച്ചുപാടാവുന്ന
ഒരു പാട്ടില്‍നിന്ന്
ഒരു വരി മാത്രം
മിണ്ടാതെ മാറിനില്ക്കുന്നു
'എന്തെ'ന്ന് ചോദിച്ചൊരാള്‍ വന്ന്
തോളില്‍ തലോടുമെന്ന്
ചിന്തിക്കും പോല്‍ ...!
6.
കടലിനെ മുഴുവനായിക്കറക്കിവച്ചു
ഇപ്പോള്‍ ആകാശം
താഴെക്കിടന്ന്
ഭൂമിയെ കുത്തനെ നോക്കിയിരിക്കുന്നു.
7.
ഒരു കഥയില്‍ നിന്ന്
പ്രപഞ്ചം പിറക്കുമെന്നറിഞ്ഞ്
കഥകേള്‍ക്കാന്‍ പോയവര്‍
വഴിവക്കില്‍ കാത്തുനിന്നിരുന്ന
കവിതയുടെ കുത്തൊഴുക്കില്‍ ഒലിച്ചുപോയി.
8.
ഹൃദയത്തിന്റെ അവസാന അരികുകളില്‍ നിന്ന്
അടര്‍ന്നുപോയ വാക്കുകള്‍
കൃഷ്ണമണികളെപ്പോലെ തിളങ്ങുന്നു.
വക്കുപൊട്ടിയ പാത്രം പോലെ
കിളികള്‍ ഉത്തരായനം കാത്ത്
സ്വപ്നങ്ങളെ നീട്ടിവെയ്ക്കുന്നു.
9.
പലപ്പോഴായിക്കേട്ട
ശവഘോഷയാത്രയുടെ
മൗനസഞ്ചാരങ്ങള്‍
ആരവങ്ങളായി
ഓര്‍ക്കാത്ത നേരത്ത് ഉറക്കത്തിലേക്കു കയറിവരുന്നു.
ജീവിതം അപ്പോള്‍
അതുവരെ കേള്‍ക്കാത്ത
ഒരു പാട്ടു കേട്ട് ഞെട്ടുന്നു.
കവിതയില്‍ നിന്ന് ഒരുകൂട്ടം തേനീച്ചകള്‍
ആരോടും മിണ്ടാതെ ഇറങ്ങിപ്പോകുന്നു.
ഇറങ്ങിപ്പോകുന്നു.
Subscribe to:
Post Comments (Atom)
3 comments:
രോഷ്നീ
രസമുള്ള
രചന
ഒരുമിച്ചുപാടാവുന്ന
ഒരു പാട്ടില്‍നിന്ന്
ഒരു വരി മാത്രം
മിണ്ടാതെ മാറിനില്ക്കുന്നു
ഈ വരികള്‍ തകര്‍ത്തു
കഥകേള്‍ക്കാന്‍ പോയവര്‍
വഴിവക്കില്‍ കാത്തുനിന്നിരുന്ന
കവിതയുടെ കുത്തൊഴുക്കില്‍ ഒലിച്ചുപോയി.
കൊള്ളാം
ee profile picture mattanam tto.....
Post a Comment