ഫ്രഞ്ച് വിപ്ലവം

പ്രമോദ് .കെ .എം 


















ഉമ്മ തരുന്നത്
അമ്മയോ അച്ഛനോ എന്ന്
കണ്ണടച്ച് പറഞ്ഞിരുന്നത്.
കൊച്ചായിരിക്കുമ്പോള്‍
അച്ഛനോളം വലുതാകേണ്ടത്.
കരിപുരണ്ട മോഹങ്ങള്‍
കടലെടുത്തത്.


പത്താംക്ലാസിനു ശേഷം
പാത്തുമ്മയുടെ മൂഡൌട്ട് പോലെ
മാസത്തിലൊരിക്കല്‍ എന്ന തോതില്‍
മുളക്കാന്‍ തുടങ്ങിയത്.

വോട്ടവകാശം ലഭിച്ചതിനുശേഷം,
വെറുതേ ചൊല്ലുന്ന പ്രത്ജ്ഞയില്നിന്നും
വേറിട്ടു നില്ക്കുന്ന
'ഭാരതം എന്റെ നാടാണ് 'എന്ന
ഒരേയൊരു
ആത്മാര്‍ത്ഥത പോലെ
മുഖത്ത്
തെളിഞ്ഞു നിന്നത്.

കവിക്കും കാമുകനും
വിപ്ലവകാരിക്കും
തടവാതിരിക്കാന്‍
കഴിയാത്തത്.

സൌത്ത് കൊറിയ.
ഡിസമ്പര്‍ രാത്രി
ക്രിസ്മസ് പാര്‍ടി.
മിസ്സ്.ലീ.
കിസ്സ്...
ഹാച്ഛീ..

തുമ്മല്‍രഹിതമായ
ഒരു ഫ്രഞ്ചു വിപ്ലവത്തിന്റെ
അനന്ത സാദ്ധ്യതകളോര്‍ത്ത്
ഉപാധികളോടെ
അതിരാവിലെ
കണ്ണാടിക്കുമുമ്പില്‍നിന്ന്
വിട്ടു വീഴ്ച്ച ചെയ്യേണ്ടി വന്നു

No comments: