ഇരുത്തം വരാത്ത ആത്മാവിഷ്കാരങ്ങള്‍


 











നൂല്‍ക്കമ്പിയില്‍ത്തൂങ്ങുന്ന
ഓരോ ഉടുപ്പും എടുത്തണിഞ്ഞ്
'പാകമാണോ' എന്നു
കാറ്റാണു ചോദിച്ചത്
പച്ചത്തെങ്ങോലയെ ഒന്നു കുലുക്കിവിളിച്ചപ്പോള്‍
ഉയരത്തിന്റെ അരക്ഷിതത്വത്തെ അതും ഓര്‍മ്മിച്ചിരിക്കും.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
'മോട്ടറുവണ്ടികേറ്റി നിന്നെ ഞാന്‍ കൊണ്ടുപോകാം'
എന്ന റിംഗ്ടോണില്‍ അവന്‍ വളരുമെന്നും
'എന്‍റെ എല്ലാമെല്ലാമല്ലേ'
എന്ന ഡയലര്‍ടോണില്‍ അവളൊതുങ്ങുമെന്നും
ന്യായമായും പ്രതീക്ഷിച്ച വൈകുന്നേരം.
എങ്കിലും തമ്മില്‍ക്കാണാത്ത
രണ്ടു നക്ഷത്രങ്ങളെന്നപോലെ
പ്രകാശവര്‍ഷങ്ങള്‍കൊണ്ടുള്ള
അവരുടെ ദൂരത്തെ അളക്കാനായില്ല.

ഹൃദയത്തിന്റെ കനമാണ് ഈ ഫോണിനെന്ന് അവനും
ചെവിയില്‍നിന്ന് വായയിലേക്കുള്ള ദൂരം മാത്രമാണതെന്ന് അവളും
പരസ്പരം മല്ലടിച്ച ഒരു പ്രഭാതകാലം.
മുന്നില്‍പ്പോകുന്ന റോഡ്‌ റോളറിനും
പിന്നില്‍ വരുന്ന സ്പോര്‍ട്സ് കാറിനുമിടയിലെ
അവരുടെ വേഗത്തെ അപ്പോഴും
നിര്‍ണ്ണയിക്കാനായില്ല.

ഫാസ്റ്റ് ക്ലാസില്‍ ഒരു തീവണ്ടിയാത്രയെങ്കിലുമെന്ന  കെഞ്ചലിന്
മ്യൂസിയത്തിലോ ബോള്‍ഗാട്ടിയിലോ കാണാമെന്ന കൊഞ്ചല്‍
മറുപടിയായി വന്ന ഒരു നട്ടുച്ചയ്ക്ക്
മാനാഞ്ചിറമൈതാനമെന്നായിരുന്നു ഒടുവില്‍ തീരുമാനം
മുത്തത്തിനൊപ്പം കഴുത്തിലൊരു
മുത്തുമാല*യുംകൂടിയാകാമെന്ന് അവന്‍.  
എന്നിട്ടുവേണം നിന്റെ നീലപ്പല്ല്
എന്‍റെ കഴുത്തിലിറുകാനെന്ന്  അവള്‍ .
അതങ്ങനെയാണ്.
കടല്‍ ഞാനടുത്തുണ്ടല്ലോ എന്ന്
ഉടലിലേക്കുപോലും പാഞ്ഞുകയറിക്കളയും
പുഴയങ്ങനെയല്ല,
മുഖം നോക്കാന്‍ കുനിയുമ്പോള്‍
തിരക്കിട്ടൊഴുകിപ്പോകും വിലങ്ങനെ.

ഇരുത്തം വരാത്ത ആത്മാവിഷ്കാരത്തിനു ശേഷം
മറ്റാരും കാണാത്ത കൌമാരകവിതകള്‍
ഒരു ഐ. പില്‍ ലാഘവത്തില്‍
അവര്‍ കീറിക്കളഞ്ഞു.
അവിശ്വാസികള്‍ തമ്മിലുള്ള പ്രണയത്തോളം
അല്പായുസ്സായ ആ മൊബൈല്‍ ഫോണും
മണ്ണടിയാനെന്ന  വ്യാജേന ഇന്നലെ മരിച്ചു.
എങ്കിലും
ദൈവവും ചെകുത്താനും തമ്മിലുള്ള
പതുവുസംഭാഷണങ്ങള്‍
ഇപ്പോള്‍ അതിലൂടെയാണത്രെ.


*ZZ Top ‌ എന്ന സംഗീത ബാന്‍ഡിന്റെ Pearl Necklace എന്ന ഗാനത്തിന്റെ തലക്കെട്ട്‌ ഒരു ലൈംഗികക്രിയയെ കുറിക്കുന്നു .

9 comments:

kavanad said...

ആദ്യഭാഗത്തുള്ള കല്പനകള്‍ കൂടുതല്‍ ഹൃദ്യമായി; ആവര്‍ത്തിച്ചുള്ള വായനയില്‍ കവിത മുഴുവനും.

ആശംസകള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പുതുമയുള്ള ആവിഷ്ക്കാരം,ആശംസകള്‍

indrasena indu said...

അല്പായുസ്സായ ആ മൊബൈല്‍ ഫോണും
ഇന്നലെ മരിച്ചു.
എങ്കിലും
ദൈവവും ചെകുത്താനും തമ്മിലുള്ള
പതുവുസംഭാഷണങ്ങള്‍
ഇപ്പോള്‍ അതിലൂടെയാണത്രെ.

അതുവ്വോ
ആ പ്രണയം മരിക്കുക ആയിരുന്നോ
ചാ പിള്ളക്ക് ജാതകമോ
നല്ല കവിത

ശ്രീജിത്ത് അരിയല്ലൂര്‍ said...

kotu kai...nalla kavitha...!!!

sweetymohan said...

നല്ല കവിത ..

M.R.Anilan -എം. ആര്‍.അനിലന്‍ said...

വളരെ നന്നായിട്ടുണ്ട് കവിത. കോമായുടെ ഒരു ഹാങ്ങോവർ വിട്ടിട്ടില്ലതാനും. പുതുകവിതയുടെ എല്ലാ വർണ്ണശൂന്യതകളോടും കൂടി കവിത ഒഴുകുന്നു ,നന്ദി
കടല്‍ ഞാനടുത്തുണ്ടല്ലോ എന്ന്
ഉടലിലേക്കുപോലും പാഞ്ഞുകയറിക്കളയും
പുഴയങ്ങനെയല്ല,
മുഖം നോക്കാന്‍ കുനിയുമ്പോള്‍
തിരക്കിട്ടൊഴുകിപ്പോകും വിലങ്ങനെ.
-ഇരുത്തം വരാത്ത ആത്മാവിഷ്കാരം
:-))

വികടശിരോമണി said...

മുന്നില്‍പ്പോകുന്ന റോഡ്‌ റോളറിനും
പിന്നില്‍ വരുന്ന സ്പോര്‍ട്സ് കാറിനുമിടയിലെ
അവരുടെ വേഗത്തെ......

മുന്നിൽ പോകുന്ന ഹൈക്കുവിനും
പിന്നിൽ വരുന്ന കോമക്കുമിടയിലെ.....
അതോ തിരിച്ചോ? :)))

ജസ്റ്റിന്‍ said...

നല്ല കവിത എഴുതി സമര്‍പ്പിച്ച കവിക്ക് എന്റെ നന്ദി

ധന്യാദാസ്. said...

ആവര്‍ത്തനങ്ങളുടെ മടുപ്പില്ലാത്തത് വായനകളില്‍ മാത്രമാണ്. എത്ര വായിച്ചാലും വീണ്ടും വീണ്ടും വായിപ്പിക്കുന്ന ചിലതുണ്ട് ചില കവിതകളില്‍ . അക്കൂട്ടത്തില്‍ ചേര്‍ത്തുവെക്കുന്നു ഈ വരികളെ.

ഉയരവും ദൂരവും വേഗവും- ഒരേ തലത്തില്‍ നിന്ന് പല കോണുകളിലേക്ക് വ്യതിചലിക്കുന്ന അളവുകള്‍ . കവിതയില്‍ ഇത് സന്നിവേഷിപ്പിചിരിക്കുന്നത് പുതുവായന മാത്രമല്ല, പുതുചിന്തയ്ക്കും പുതിയ എഴുത്തുകള്‍ക്കും പ്രചോദനം ആവും എന്നതില്‍ സംശയമില്ല. ഒരേ വിഷയങ്ങളുടെ വ്യത്യസ്ത സമീപനങ്ങള്‍ കവിതയില്‍ ഇല്ലെങ്കില്‍ എല്ലാ കവിതകളും ഒരുപോലെയാവും എന്നൊരു കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നുണ്ട് മനോജേട്ടന്റെ വരികള്‍ . വായിച്ചുതീരുമ്പോള്‍ കവിത അവശേഷിപ്പിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും തര്‍ക്കങ്ങളും പുതിയ കവിതകള്‍ക്കും ഉള്‍ക്കൊല്ലളിനും വഴിയൊരുക്കും എന്നത് തന്നെയാണ് പുതുകവിതകളുടെ പ്രത്യേകത. വ്യത്യസ്തമായ വായന നല്‍കിയ, വ്യത്യസ്തമായി ചിന്തിപ്പിച്ച, മനസ്സിലാക്കലിന്റെ ഒരു നവതലത്തില്‍ നില്‍ക്കുന്ന കവിത.
നന്ദി.. കവിതയ്ക്കും കവിയ്ക്കും..

സ്നേഹപൂര്‍വ്വം ..
ധന്യ.