ചലം




 












ചോരയോ,കണ്ണീരോ അല്ലാതെ;
വിയര്‍പ്പോ,ഉമിനീരോ,മൂത്രമോ അല്ലാതെ,
പീളയോ,ചീരാപ്പോ,ചെപ്പിയോ അല്ലാതെ,
വല്ലപ്പോഴും ഒലിച്ചിറങ്ങിയിരുന്ന
ഒന്നായിരുന്നു അത്...

ഫസ്റ്റ്ബെല്ലടിക്കുന്നതിനു മുമ്പ് 
വിക്രമന്‍ മാഷുടെ 
ചൂരലിനെപ്പേടിച്ചു  
ഓടെടാ ഓട്ടമോടുന്നതിനിടയ്ക്ക്
ചരല്‍വഴിയില്‍ തെറിച്ചുനിന്നിരുന്ന 
കരിങ്കല്ലില്‍ കൊണ്ടോ,

സുമയുടെ കല്യാണത്തലേന്ന് 
അരയ്ക്കാനുള്ള അമ്മി കൊണ്ടുവന്നിടുമ്പോള്‍ 
സ്വയം കാലില്‍ വീഴ്ത്തി 
പിടഞ്ഞു പിന്മാറിയതിനുശേഷമോ,
കല്യാണി അമ്മയുടെ 
പൊളിഞ്ഞുവീഴാറായ ഓലവീട് 
മേഞ്ഞുകൊടുക്കുന്നതിനിടയില്‍ 
ആര് തറച്ചതില്‍പ്പിന്നെയോ,

അരിയും മണ്ണെണ്ണയും 
നേരത്തിനു കിട്ടാഞ്ഞ കാലത്ത് 
താലൂക്കോഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടയ്ക്ക്        
പോലീസുകാരന്‍ കുത്തിയ 
ലാത്തിപ്പാടിന്നൊടുവിലോ
നീറലായി, നൊമ്പരമായി
ആശ്വാസമായി,പകയായി കല്ലിച്ചുനിന്നിരുന്ന
ഒരടയാളമായിരുന്നു അത്...

ഞാനെന്നെ 
വല്ലാതെ സൂക്ഷിക്കാന്‍ തുടങ്ങിയതിനു ശേഷമാണ് 
എന്‍റെ ജീവനില്‍ നിന്നും 
ചലമൊലിക്കാതെയായത്‌.

കുത്തിപ്പഴുത്ത അനുഭവങ്ങളില്‍ നിന്നും 
കവിതപോലെ 
അറിയാതെ ചീറ്റിയ വാക്കുകളായിരുന്നു ചലം...

രണ്ടും വറ്റിത്തുടങ്ങിയിരിക്കുന്നു...

നിസ്സാരരും നിസ്സഹായരുമായ 
പ്രാണികള്‍ക്കല്ലാതെ   
മറ്റൊന്നിനും
ഇവയെ 
ഉള്‍ക്കൊള്ളാനാവാതെ വന്നിരിക്കുന്നു...!!!

9 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഞാനെന്നെ
വല്ലാതെ സൂക്ഷിക്കാന്‍ തുടങ്ങിയതിനു ശേഷമാണ്
എന്‍റെ ജീവനില്‍ നിന്നും
ചലമൊലിക്കാതെയായത്‌.



മൂര്‍ച്ചയുള്ള വരികള്‍

ഉല്ലാസ് said...

കൊള്ളാം

Umesh Pilicode said...

ആശംസകള്‍

naakila said...

കുത്തിപ്പഴുത്ത അനുഭവങ്ങളില്‍ നിന്നും
കവിതപോലെ
അറിയാതെ ചീറ്റിയ വാക്കുകളായിരുന്നു ചലം

മികച്ചൊരു കവിത തന്നതിന്
കവിക്കും
ആനുകാലികകവിതക്കും
അഭിനന്ദനങ്ങള്‍

Sruthi Sankar said...

jeevanulla kavitha,,,
varikal...




ee aksharangale pranayikkatheyirikkan enikku kazhiyilla

കുസുമം ആര്‍ പുന്നപ്ര said...

നിസ്സാരരും നിസ്സഹായരുമായ
പ്രാണികള്‍ക്കല്ലാതെ
മറ്റൊന്നിനും
ഇവയെ
ഉള്‍ക്കൊള്ളാനാവാതെ വന്നിരിക്കുന്നു...!!!??????
??????????????????????????????

K G Suraj said...

U G R A N...

ജസ്റ്റിന്‍ said...

നന്ദി ശ്രീജിത്ത്.

നല്ല കവിത. ഒരൊറ്റ ബിംബത്തില്‍ ഊന്നി എത്രയോ കാര്യങ്ങള്‍ ആണ് നന്നായി പറഞ്ഞിരിക്കുന്നത്. സമ്പന്നമായ കവിത എന്ന് ഇതിനെ വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

arifa said...

ഞാനെന്നെ
വല്ലാതെ സൂക്ഷിക്കാന്‍ തുടങ്ങിയതിനു ശേഷമാണ്
എന്‍റെ ജീവനില്‍ നിന്നും
ചലമൊലിക്കാതെയായത്‌.


പഴുത്തു പൊട്ടാതെ ഉള്‍വലിഞ്ഞു പോയ കുരുക്കള്‍ അലക്കിതേച്ച സ്വത്വത്തെ അര്‍ബുദമായി തിന്നു തീര്‍ക്കുന്നുണ്ടാവും!!!