കവിയോട് മലയാളകവിത

സത്യന്‍ മാടാക്കര 

















ഇന്നെനിക്ക്
ജ്വല്ലറിയുടെ പരസ്യഷൂട്ടിങ്ങിന് പോകണം 
ജലഘടികാരഭാഷയൊന്നുമല്ല 
സാദാ ,ആളെ പിടിക്കുന്ന വാക്കുകള്‍ 
വിസ്ക്കിയും ,കോഴിക്കാല് പൊരിച്ചതും 
കുറച്ചുകാശും കിട്ടും 
നിന്‍റെ കുമ്പളങ്ങ ഇരിപ്പിടത്തിനു 
ഇന്ന് വിട
ഇന്നെനിക്ക്
'കടലുകള്‍ മള്‍ബറി തോട്ടങ്ങളായ് മാറും'
എന്ന് പറഞ്ഞ കവിത കേള്‍പ്പിച്ച 
സഖാവിനോപ്പം തര്‍ക്കിക്കണം 
ജീവിതമേ ,ബഹളത്തിനു എത്രകാലം കാവല്‍ 
ചോദിച്ച് വെറുപ്പ് പിടിപ്പിക്കണം 
കടലിന്റെ നീല മടക്കുകള്‍ 
നീയിന്നൊറ്റക്ക് നോക്കി രസിച്ചോളൂ. 
ഇന്നെനിക്ക് 
ഏട്ട മത്സ്യം വിളമ്പി കൊതി തീര്‍ക്കുന്നവളെ 
വരാലിനെ പോലെ ഇഴഞ്ഞു കൊതിപ്പിക്കണം 
മീന്‍വല മുറിച്ച ഭ്രാന്താസക്തിയോടെ
കട്ടിലിന്റെ കരച്ചില്‍ കേള്‍പ്പിക്കണം 
വിറകെരിഞ്ഞ മണം അറിയണം.
ഇന്നെനിക്ക് 
ദേശങ്ങളിലും ,കാലത്തിലും തോറ്റവരുടെ
വാക്കുകളുടെ കുളമ്പടിയൊച്ച കേട്ടിരിക്കണം  
കണവയുടെ കറുത്ത മഷി വരയ്ക്കുന്ന 
ഭൂപടത്തില്‍ നിന്ന് കുഞ്ഞാലിയെ കാണണം 
അലസതയുടെ മരണം 
അടിച്ചേല്‍പ്പിക്കരുതെന്ന്‌ വിളിച്ച് കൂവണം.  
ഇന്നെനിക്ക് 
മനുഷ്യവിലാസക്കടവില്‍ 
കടലവില്‍ക്കുന്നവളെ പ്രേമിച്ചിരിക്കണം
പൊട്ടിപ്പോയ ഹാര്‍മോണിയത്തില്‍
ശ്രുതി തെറ്റിച്ച് തോറ്റവരുടെ പാട്ടുപാടണം
ഇന്നെനിക്ക് 
സമയത്തിന്റെ പകുതി തേടിനടക്കണം 
ഗ്രീഷ്മത്തെ പല പേരുമായ് വിളിച്ചുണര്‍ത്തണം
ഔദാര്യത്തിന്റെ  കശാപ്പുശാല 
ഒറ്റവാക്കാല്‍ തകര്‍ക്കണം.

               ഇത്രയൊക്കെ സഹിക്കാനും പൊറുക്കാനും 
               പൊന്നുചങ്ങാതി പറ്റുമെങ്കില്‍ 
               നീ നല്ല കൂട്ടുകാരനാണ് 
               ഇല്ലങ്കില്‍ മറന്നുകള
               ഒരു ചേതവുമില്ല ലോകത്തിന്.

5 comments:

ചിത്ര said...

powerful words!

ശ്രീജിത്ത് അരിയല്ലൂര്‍ said...

nattellulla kavitha...kotu kai...!!!

Jayesh/ജയേഷ് said...

ഒന്നാന്തരം...

sm sadique said...

ഇത്രയൊക്കെ സഹിക്കാനും പൊറുക്കാനും
പൊന്നുചങ്ങാതി പറ്റുമെങ്കില്‍
നീ നല്ല കൂട്ടുകാരനാണ്
ഇല്ലങ്കില്‍ മറന്നുകള
ഒരു ചേതവുമില്ല ലോകത്തിന്.
( എനിക്കും )

Ranjith chemmad / ചെമ്മാടൻ said...

സത്യേട്ടന്റെ ഒരു പുകയുന്ന കവിത!...