പാവം വടക്കന്‍ കൊറിയയിലെ കുട്ടികള്‍


കവി:ഷിന്‍ ക്യോങ് നിം [കൊറിയ]
വിവര്‍ത്തനം : അന്‍വര്‍ അലി



അന്‍വര്‍ അലി, കവിയോടൊപ്പം 
            










മ്മ കാശുണ്ടാക്കാന്‍ സോളിലേക്കു പോയിട്ട് രണ്ടു കൊല്ലമായി,ഒരു വിവരവുമില്ല.
കുറച്ചു മാസം മുന്‍പ് അപ്പനും സ്ഥലം വിട്ടു, അമ്മയെ തിരക്കിപ്പോയതാ 
ചിലപ്പോഴൊക്കെ അപ്പന്‍ ഫോണീ വിളിക്കും മറ്റന്നാ രാത്രി വരൂന്ന് പറയും
കള്ളു കുടിച്ച പോലെ കൊഴകൊഴാന്നിരിക്കും ശബ്ദം 
മൂത്തവള്‍ക്ക് വയസ്സ് പതിനൊന്ന്; എളേതുങ്ങള്‍ക്ക് അവള്‍ ചോറും കറീം വെച്ചുകൊടുക്കും.
അതുങ്ങളെ ഉസ്കൂളിലയക്കും;എന്നിട്ട്
ദെവസോം മൊടങ്ങാതെ ബസ്റ്റോപ്പിലെ ചായ്പ്പില്‍ പോയി നില്‍ക്കും.
പക്ഷെ പകല് മുഴുവന്‍ ബസെറങ്ങ്കേം കേറ്കേം ചെയ്യുന്നത്    
സോളീന്നോള്ള എസ്റ്റേറ്റ് ഏജന്റുമാരു മാത്രം;
സന്ധ്യയ്ക്ക് തളര്‍ന്നു വീട്ടിലെത്തുമ്പൊ
എളേതുങ്ങള് രണ്ടും ടെലിവിഷനിലെ കാര്‍ട്ടൂണില്‍ ലയിച്ചിരിപ്പുണ്ടാവും.
അവര്‍ റാമിയോണ്‍ ചൂടാക്കിക്കഴിച്ച ഇരുമ്പിച്ചട്ടി   
കഴുകാതെ അങ്ങനെത്തന്നെ ഇരിപ്പുണ്ടാവും.
ചോറിനു പകരം റാമിയോണ്‍ ഉണ്ടാക്കിക്കൊടുക്കുന്ന ആ പതിനൊന്നുകാരി 
തന്റെ ഡയറിയെടുത്ത് എഴുതും, 
വടക്കന്‍ കൊറിയയിലെ ടെലിഫോണും ടെലിവിഷനും ഇല്ലാത്ത 
പാവം കുട്ടികളെ ഓര്‍ക്കുമ്പം അവള്‍ക്കു സങ്കടം വരുംന്ന്!
എന്തൊരു കഷ്ടമാണ് വടക്കന്‍ കൊറിയക്കുട്ടികളുടെ കാര്യം  
ഏതായാലും, ഒരുപാട് കാശുമായി
അപ്പനും അമ്മയും ഒരു ദെവസം തിരിച്ചുവരും, തീര്‍ച്ച.

5 comments:

Umesh Pilicode said...

വിവര്‍ത്തനത്തിനു ആശംസകള്‍

Pramod.KM said...

ഹൃദയസ്പര്‍ശിയായ ഈ കവിത വിവര്‍ത്തനം ചെയ്തതിന് നന്ദി. റാമിയോണ്‍ എന്ന് പറഞ്ഞാല്‍ നൂഡില്‍സ് ആണെന്നുള്ള ഒരു കുറിപ്പ് കൊടുക്കാമായിരുന്നു.

Vineeth Rajan said...

ഈ കവിതയെപ്പറ്റി അന്‍വര്‍ക്ക ഒരുദിവസം കുറെ നേരം സംസാരിച്ചതോര്‍ക്കുന്നു....
വ്യക്തമായ രാഷ്ട്രീയം പറയുന്ന കവിത കുട്ടികളുടെ രൂപത്തില്‍....ഇഷ്ടായിട്ടോ....

Unknown said...

awesome

naakila said...

nandi