അഞ്ച് ഹിറ്റ് ചിത്രങ്ങള്‍

ഷൌക്കത്ത് അലി ഖാന്‍ചെല്ലിക്കണ്ടത്തെ
തറയിലൂടെ
ഒരു പാമ്പ് ഇഴഞ്ഞുവന്നപ്പോള്‍
സഖാക്കളെ മുന്നോട്ടെന്ന് 
കാലം എഴുതിപ്പഠിച്ചു.

തിരുനെല്ലിക്കാട്ടില്‍ നിന്നും
കെട്ടിയിട്ട ത്യാഗത്തിന്റെ
നെഞ്ചില്‍ നിന്നും 
ഒരു കിളി പറന്നു പോയി

സംശയിക്കപ്പെട്ടവന്റെ 
തുടയിലൂടെ 
ഉലക്കകള്‍ കാക്കിയിട്ട്
ഉരുണ്ടു പോയ് തെളിവെടുത്തു

കന്യാമഠത്തിലൂടെ 
ദാഹം തേടിപ്പോയ 
ഒരു മെഴുകുതിരിയെ 
മൂന്ന് ചുണ്ടുകള്‍
ഊതിക്കെടുത്തി.

ചോദ്യം ചോദിച്ച 
ഒരു പകലിനെ 
രാത്രികള്‍ ചുവന്ന കുന്നിലേക്ക്
തട്ടിക്കൊണ്ടുപോയി.

തിരക്കഥയും 
സംഭാഷണവും 
സംവിധായകനുമില്ലാത്ത
കേരളത്തിന്റെ ചുമരില്‍ 
അഞ്ച് ചിത്രങ്ങള്‍
ബോക്സ് ഓഫീസില്‍
കൊട്ടകകള്‍ വേണ്ടാതെ  
ഹിറ്റുകളായി

1 comment:

പ്രവര്‍ത്തകര്‍ ‍, ആനുകാലികകവിത said...

കേരളത്തിന്റെ ചുമരില്‍
അഞ്ച് ചിത്രങ്ങള്‍
ബോക്സ് ഓഫീസില്‍
കൊട്ടകകള്‍ വേണ്ടാതെ
ഹിറ്റുകളായി