ചിലന്തി (ഉണ്ണി വയനാട് )
എന്റെ അപ്പന്
ഒരുപാടാനകളുണ്ടായിരുന്നെന്ന്
വെളിപെടുത്തിയത്  
എന്റെചന്തിയിലെ
വലിയ തഴമ്പുകള്‍ തന്നെയാണ് 

ചുണ്ടില്‍ അവശേഷിക്കുന്ന 
ചെന്നിനായകത്തിന്റെ കയ്പ്പ് 
അമ്മയ്ക്ക് 
രണ്ടു മുലകളുണ്ടായിരുന്നതിന്റെ തെളിവ് ....

കണ്ണിലെ കൃഷണമണികള്‍ക്ക്
കാമത്തിന്റെ കറുപ്പ് തന്നത് 
കാമുകിയുടെ തുടുത്ത കവിളും,
മുഴുത്ത നിതംബവും 
.
ഗര്‍ഭ നിരോധന ഉറകള്‍ക്ക് 
തുള വീണതോടെയാണ്  
ഗര്‍ഭചിദ്രത്തിന്റെ
അനന്തസാദ്ധ്യതകളറിയാന്‍ കഴിഞ്ഞത്  

പ്രാവുകളെ വേട്ടയാടി 
തളര്‍ന്നു വീഴുമെന്നായപ്പോള്‍ 
രാജാവിന്റെ 
തുടയിറച്ചിയുടെ സ്വാദറിഞ്ഞു 

ഇരിക്കുന്ന കൊമ്പ് മുറിച്ച്  
വായുവിലൂടെ മലക്കം മറിയവെ 
ശീര്‍ഷാസനത്തിന്റെ ഗുണവുമറിഞ്ഞു 
വരിയൊപ്പിച്ച് നടന്നു നടന്നാണ്
വരിയുടക്കപെട്ടവന്റെ
നിസ്സഹായതയിലെത്താനായത് 

എരിയുന്ന ചിതയില്‍
 പതുക്കെ
ഒന്ന് തിരിഞ്ഞു കിടന്നപ്പോഴാണ്‌ 
നിവര്‍ന്ന നട്ടെല്ലിന്റെ വിലയറിഞ്ഞത് 

തൊട്ടിലിന്റെ 
കയററ്റുവീണത്‌ മുതലേ 
അച്ഛന്റെ കട്ടില്‍ ഒഴിയുന്നതും കാത്ത്
ഒരേ ഇരിപ്പായിരുന്നു 

ഇപ്പോള്‍ 
ഓര്‍മയുടെ ഒഴിഞ്ഞ ഓട്ടക്കലം
മറവി ഒരനുഗ്രഹമാണെന്ന് 
ഓര്‍മപെടുത്താറുണ്ട്

ഇരയെ കാത്ത് ,
വലയുടെ മൂലയില്‍ ഒതുങ്ങുമ്പോഴും 
ഇണയെ കൊന്നുതിന്നതിന്റെ 
ആഹ്ലാദം വലപൊട്ടിച്ച് പുറത്ത് വരാറുണ്ട്.

No comments: