മുടിയിഴ

എം .ആര്‍ .വിബിന്‍ 




















ഒതുക്കിവെച്ചതില്‍ നിന്ന് 
ഏറെ നാള്‍ കൂടി അണിയാന്‍ എടുത്തു തന്നു 
ഈ വസ്ത്രത്തെ ..



കൃത്യം
മൂന്നാമത്തെ കുടുക്കില്‍ കുരുങ്ങി
അത് വളഞ്ഞു നീണ്ടു കിടക്കുന്നു.
മുക്കാലും 
വെളുത്തു

പതിയെ കുനിഞ്ഞു മണത്തു നോക്കിയുറപ്പിച്ചു
 ഒരൊറ്റ മുടിയിഴക്ക് പകരാന്‍ കഴിയുന്ന
മുഴുവന്‍ അമ്മ മണത്തേയും

മുന്‍പ്‌
എല്ലായിടത്തും 
ഉണ്ടായിരുന്നു ഇത്
ചോറില്‍ ,കറിയില്‍
തറയില്‍ ,തുണിയില്‍
സോപ്പില്‍ ,ചീപില്‍ ..

വിരലില്‍ കോര്‍ത്ത്‌ ,മുഖത്തോടടുപ്പിച്ചു
മണമറിയാതെ ,അറപ്പോടെ അലറുമായിരുന്നു
'
 മുടിഞ്ഞ മുടിഎന്ന്
ദീനമായൊരു നോട്ടം 
വന്നു
അതിന്‍ തുമ്പിലെ കുരുക്കില്‍
തൂങ്ങി മരിക്കുമായിരുന്നു ..

ഇപ്പോള്‍
ഞാന്‍ 
എന്ത് ചെയ്യും ഇതിനെ ?
അഴുക്കു മാത്രം നിറഞ്ഞിടത്ത്
ഒരു അമ്മ മരം
പൊഴിച്ചിട്ടു 
പോയ
വിശുദ്ധതയുടെ 
 അവസാനത്തെ ഇലയെ ?

1 comment:

ഹരിയണ്ണന്‍@Hariyannan said...

നല്ല കവിത.
പക്ഷേ ചിത്രം അത്ര യോജിക്കുന്നതായി തോന്നിയില്ല.