മറന്നുവെച്ചവ

ശ്രീജിത്ത്‌ അരിയല്ലൂര്‍ 
ഈര്‍ക്കിള്‍,ഉമിക്കരി
തോര്‍ത്തു മുണ്ട്
എത്ര വാസനിച്ചാലും മടുക്കാത്ത
ചന്ദ്രികാ സോപ്പ്
വെളിച്ചെണ്ണ,രാസ്നാദിപ്പൊടി...

യാത്ര പോവുമ്പോള്‍
അവള്‍ തന്നെയാണ്
എല്ലാം
ഒരുക്കിത്തരാര്...

എങ്കിലും
പടിയിറങ്ങുമ്പോള്‍
ചോദിക്കും;
എന്തേലും മറന്നിട്ടുണ്ടോ എന്ന്.

മറന്നു വെച്ചവ
യാത്രയില്‍
മനസ്സിലെയ്ക്കോടിയെത്തും,

കുടുക്കിട്ടു തന്ന വിരല്‍ത്തുമ്പ്
ഞാനുമ്മ കൊടുക്കാറുള്ള
അവളുടെ പിന്‍ കഴുത്ത്
പാതി പറഞ്ഞു കൊടുത്ത
മോന്‍റെ വഴിക്കണക്ക്
നുള്ള് കൊടുത്ത
മോളുടെ കവിള്‍ചുവപ്പ്...

കാത്തിരിക്കും കൂമ്പിലക്കണ്ണുകള്‍
കാലൊച്ച കൊതിക്കും ചെവിപ്പൂവുകള്‍.
വയല്‍ വരമ്പ്
ഒതുക്കു കല്ലുകള്‍,കിണ്ടി
തോര്‍ത്തു നീട്ടും
കൈ വളച്ചിലമ്പലുകള്‍...

അങ്ങനയങ്ങനെ
ഓടി വന്നൊക്കത്തു കയറും
ഓര്‍മകളെത്ര...

No comments: