ഇന്നു വൈകുന്നേരത്തെ മഴയില്‍


 
                                                

  ഇന്നു വൈകുന്നരം പെയ്ത 
മഴയില്‍
കൊമ്പൊടിഞ്ഞു വീണ 
മാവില്‍ നിന്നു
ചിതറിയ മാങ്ങകള്‍
പെറുക്കുകയാണമ്മ

ആകെയുള്ളൊരു മൂവാണ്ടന്റെ
ആകെയുള്ളൊരു കൊമ്പായിരുന്നു
എന്നിടയ്ക്കിടയ്ക്ക്
മഴയോടെന്നപോലെ
മങ്ങിമങ്ങിപ്പോകുന്ന 
മിന്നലുകളോടെന്ന പോലെ
കൂട്ടത്തില്‍പ്പെട്ട കാറ്റുകളോടെന്ന പോലെ
പറയുന്നുണ്ടമ്മ

പെറുക്കിവച്ച മാങ്ങകള്‍
അച്ചാറോ
മീന്‍കറിയിലെ പുളിപ്പോ
ചമ്മന്തിയിലെ രുചിപ്പോ
ആവുന്നതിനെക്കുറിച്ചു
പേടിച്ചു പേടിച്ചു കരയുമ്പോളതാ
മാങ്ങകളൊക്കെയുമാകാശത്തു
പഴുപ്പിയ്ക്കാന്‍ വയ്ക്കാമെന്നു പറഞ്ഞ്
മിന്നലിന്റെ വേരുകളില്‍ത്തൂങ്ങി
പറക്കുകയാണമ്മ

പാകമാകാതെ
പഴുത്തു വീണ
മാമ്പഴത്തിന്റെ മണമായിരിക്കും
ഇന്നു രാത്രി മുഴുവന്‍ !

7 comments:

പകല്‍കിനാവന്‍ | daYdreaMer said...

ചിതറി വീണ മാമ്പഴത്തിന്റെ മണമാണ് എങ്ങും .

എസ്‌.കലേഷ്‌ said...

daa
nalla kavitha
ishtam koodunnu

സന്തോഷ്‌ പല്ലശ്ശന said...

വേദനിപ്പിക്കുന്ന വാഗ്മയങ്ങള്‍...

എം.എന്‍.ശശിധരന്‍ said...

കവിത അവസാനിക്കുമ്പോഴേക്കും,
"പാകമാകാതെ പഴുത്ത" ഒരു ഫീല്‍.

ഷാജി അമ്പലത്ത് said...

തീര്‍ച്ചയായും ഇതില്‍ കവിതയുണ്ട്. വായിച്ചാല്‍ മനസിലാവുന്ന കവിത. അത് തന്നെയാണ് അനീഷിന്റെ കവിതകള്‍ വായനക്കാര്‍ക്ക് പ്രിയപ്പെട്ടതാവുന്നതും

സ്നേഹപൂര്‍വ്വം
ഷാജി

ധന്യാദാസ്.. നിന്നിലൂടെ നടന്ന്.. said...

ഏറെ തവണ വായിച്ചിട്ടും വായനയുടെ പുതുമ നില നിര്‍ത്തുന്ന കവിത.

അടുത്തയിടെ വായിച്ച കവിതകളില്‍ വൈകാരികമായി ഏറ്റവും ഉലച്ച കവിത.
സംവേദനത്തിന്റെ ലാളിത്യം , കറയില്ലാത്ത ഭാഷ, അതിലുപരി അനുഭവിച്ച വേദന അക്ഷരങ്ങളിലൂടെ പകരുന്നതില്‍ പൂര്‍ണമായും വിജയിച്ചു..

ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നു...

നന്ദി..

godville corp said...

ചങ്ങാതി ,
ക്ഷ്മ ചോദിക്കട്ടെ അല്പം വൈകി വായിച്ചതിനു.

ലോകത്തില്‍ ഏറ്റവും സുഖമുള്ള ഏര്‍പ്പാട്
നല്ല ചൊറിച്ചിൽ വരുമ്പോള്‍
കുത്തിയിരുന്ന് ചോറിയുന്നതാണെന്ന് ബഷീര്‍ പറഞ്ഞിട്ടുണ്ട്.
കപ്പക്ക്‌ തടം എടുക്കണമെന്നോ
മീന്‍ പിടിക്കാന്‍ കടലില്‍ പോകണമെന്നോ
കൊച്ചിനെ ചമരിപ്പിക്കണമെന്നോ
സ്കൂളില്‍ വിടണമെന്നോ
കറിക്കരിയണമെന്നോ
ചാണകം വാരണമെന്നോ
ആറ്റുംമട്ടയില്‍ വെളിക്കിറങ്ങാന്‍ പോകാനോ
ഞാന്‍ പറയുന്നില്ല.

ബഷീറിനെ അനുസരിചൂടെ?

നാളെ കവിക്ക്‌ തൂങ്ങാന്‍ ഒരു കൊമ്പ് മാറ്റി വെക്കാത്ത മാവേ ; ഭാഷ നിന്നോട് കടപ്പെട്ടിരിക്കുന്നു.
ഇല്ലായിരുന്നേല്‍ അടി അടി അടി :-

(ഇതും ഒരു കവിതയാണെന്ന് രണ്ടു പക്ഷം )