നാല് പെണ്ണുങ്ങള്‍



                















ഒരുവള്‍ , ഏതോ ആകാശച്ചെരുവില്‍ 
കണ്ണ് പൊത്തിക്കളിക്കിടെ 
തുമ്പിച്ചിറകില്‍ പൂവിരല്‍ തൊട്ടെടുത്തു 
മുലയൂട്ടിയവള്‍ ‍. 

അടുത്തവള്‍ ,കാത്തു നില്‍ക്കാമെന്നു 
കൂടി പറയാതെ 
നിഴലുകളുടെ ഉദ്യാനത്തില്‍ നിന്ന് 
തെരുവിന്റെ 
അനാഥത്തിലേക്ക് 
ഇറക്കിവിട്ടവള്‍ . 

മറ്റൊരുവള്‍ , ഉടലിന്റെ 
തൂവല്ക്കനം കൊണ്ട് 
മുറിവേല്‍പ്പിച്ചവള്‍ ‍. 

നാലാമതൊരാള്‍ ‍, 
രാവിലും പകലും 
കളിമ്പം കാട്ടിച്ചിരിച്ചു 
കളിപ്പാട്ടമാക്കിയവള്‍ ‍. 

കഷ്ടമുണ്ട്, ആരെയും 
തള്ളിപ്പറയാനും 
വയ്യെനിക്ക്‌. 
ഒന്നുമില്ലെങ്കിലും, 
നിമിഷ ജീവിതത്തെ 
ഇത്രയും 
കാലത്തേക്കെങ്കിലും 
വലിച്ചു നീട്ടിയല്ലോ.

1 comment:

ധന്യാദാസ്. said...

നല്ല വായന നല്‍കുന്നുണ്ട് ഓരോ വരിയും.

പുതിയ രീതിയില്‍ ആവിഷ്കരിക്കപ്പെട്ട പ്രമേയം. ആദ്യന്തം ഒട്ടും അതിഭാവുകത്വമില്ലാതെ വളരെ സൌമ്യമായി കൂട്ടിക്കൊണ്ടുപോവുന്നുണ്ട് ..

ഒറ്റവായനയില്‍ തന്നെ മനസിലാവുന്ന.. നേരിട്ട് പറയുന്ന.. നല്ല കവിത..

സ്നേഹപൂര്‍വ്വം..