ശരിയാണ്
പാകമായ മുന്തിരികള്‍ ഇറുത്തെടുക്കുന്നതില്‍
സംഗീതമുണ്ട്
അതുകൊണ്ടാവണം
ചുംബിക്കുമ്പോള്‍ ആരോ
തൊണ്ട പൊട്ടി പാടുകയാണെന്ന്
നമുക്ക് തോന്നിയിരുന്നത്.
അങ്ങനെ തോന്നിയിരുന്ന കാലങ്ങളില്‍ നിന്നും
ആരും ഇറങ്ങിപ്പോയിട്ടില്ല
ഇറങ്ങിപ്പോയവരാരും തിരിച്ചുവന്നിട്ടുമില്ല.
നെഞ്ചത്തടിച്ചുള്ള ഈ പാട്ടുകള്‍ തിരിച്ചു വരാതിരിക്കാനാണ്
ഇറങ്ങിപ്പോയവന്മാരെല്ലാവരും
മുടിഞ്ഞുപോകാനാണ്.
സംഗീതത്തിലായിരി ക്കുമ്പോഴാണല്ലോ
നമുക്ക് ജീവിതമുണ്ടായിരുന്നത്
ആ ജീവിതത്തില്‍ നാം പാട്ടുകാരായിരുന്നോ
അതോ പാട്ടുതന്നെയോ ?
അലഞ്ഞു തിരിയുന്ന പാട്ടിനെ വീണ്ടും
അലഞ്ഞു തിരിയാന്‍ വിടുന്നു
അവന്റെ ഊരും പേരും
അവന്റെ ലിംഗത്തിലാണെന്നറിയാം
എന്നാലും അലഞ്ഞുതിരിയാന്‍ വിടുന്നു
ഗിത്താറില്‍ നിന്നു പുറത്തുവരുന്നത്
പണിക്കുറ്റം തീര്‍ന്ന ഗ്രാമവഴികള്‍ തന്നെയാണ്
അതിലൂടെയാണ് പാട്ടുകാര്‍ സ്വന്തം വീട്ടിലേക്ക് പോകുന്നത്
അവിടെ ഒരു ആഫ്രിക്കന്‍ ഡ്രം നിറയെ
വീഞ്ഞുമായി പാട്ടുകാരികള്‍ കാത്തുനില്‍ക്കുന്നു.
പാട്ട് തുടങ്ങുന്ന
ആട്ടവും
പാട്ട്
പാട്ടിനുള്ളില്‍ പാട്ട്
പാട്ടുകളുടെ കൊട്ടാരം
2
ബുറാണ്ടിയില്‍ എനിക്ക് അയല്‍ക്കാരുണ്ട്.
അവരാണ് എല്ലാദിവസവും കൂറ്റന്‍ പൂച്ചെണ്ടുകള്‍
അയച്ചുതരുന്നത്
അവര്‍ അലറിച്ചിരിക്കുമ്പോള്‍
ഞാന്‍ നനഞ്ഞു കുതിരുന്നു
അവരുടെ പാട്ടുകേള്‍ക്കുമ്പോള്‍
എന്‍റെ ചോളപ്പാടങ്ങള്‍ ഒറ്റദിവസംകൊണ്ട്
വിളഞ്ഞു പാകമാകുന്നു
എന്‍റെ മീനുകള്‍ ഒറ്റനീന്തലില്‍ കൊഴുത്തു മുറ്റുന്നു
പിന്നെയും പാട്ടുമാത്രം ബാക്കിയാകുന്നു.
3
ആഭിചാരങ്ങളുമായി കഴിഞ്ഞുകൂടുന്ന
മലമുകളിലെ
മന്ത്രവാദിനി ഞാനാണ്
ഒരു കൊട്ടനിറയെ ചിലന്തിക്കുഞ്ഞുങ്ങളുമായി
അവരെ കാണാന്‍ പോകുന്ന
ഗ്രാമത്തലവനും ഞാന്‍ തന്നെ.
മന്ത്ര വാദിനിയുടെ മുന്‍പിലിരിക്കുന്ന
കാളത്തല
അല്‍പ്പം മുന്‍പ് വരെ പാടത്തുണ്ടായിരുന്ന
എന്‍റെ കാളയുടേതാണ്.
പല്ലികളുടെ ഒളിഞ്ഞുനോട്ടത്തില്‍ നിന്ന്
കിടപ്പറകളെ രക്ഷിക്കണമെന്ന്
അപേക്ഷിക്കുന്നതും ഞാനാണ്.
ഇത്രയും പറഞ്ഞ്
പാട്ടുകാര്‍ വിളക്കൂതി യാത്രയാകുന്നു.
4
ആണിന്റെ നുണക്കുഴികളെക്കുറിച്ചും
ഉന്തിനില്‍ക്കുന്ന നിതംബത്തെക്കുറിച്ചും
നമുക്ക് പാടാം
ഒരടിവസ്ത്രത്തിലുമൊതുങ്ങാത്ത
അവന്റെ അരക്കെട്ടിനെക്കുറിച്ചും
വയറ്റിലെ ചെമ്പന്‍രോമങ്ങളെക്കുറിച്ചും
പാടാം
ആഴ്ന്നിറങ്ങിയ വേദന ആറിത്തണുക്കുമ്പോള്‍
പാടിയതിനെക്കുറിച്ച് വീണ്ടും പാടുന്നു.
5
ചിലസമയങ്ങളില്‍ സ്പെയിന്‍ വളരെ അടുത്തുള്ള രാജ്യമാണ്
അവിടത്തുകാരുടെ വിരലുകള്‍ എനിക്ക് പരിചയമുണ്ട്.
അവയില്‍നിന്ന് ഇലകള്‍ പൊഴിയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്
അന്ന് ആ തെരുവില്‍ മഴ പെയ്‌തിരുന്നില്ല
എന്നാലും ഗിത്താര്‍ വായിക്കുന്ന ആള്‍
നനഞ്ഞുകുതിര്‍ന്നിരുന്നു
നൃത്തമാടുന്ന പെണ്‍കുട്ടിയില്‍ എനിക്ക് ഒരു കുഞ്ഞ് ജനിക്കുന്നു
അവള്‍ സ്‌പാനിഷില്‍ ചുംബിക്കുമ്പോള്‍
ഏതോ ഭാഷയില്‍ ഞാനതേറ്റുവാങ്ങുന്നു
ആ ഭാഷയില്‍ തന്നെ മരിച്ചുവീഴുന്നു.
അവയില്‍നിന്ന് ഇലകള്‍ പൊഴിയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്
അന്ന് ആ തെരുവില്‍ മഴ പെയ്‌തിരുന്നില്ല
എന്നാലും ഗിത്താര്‍ വായിക്കുന്ന ആള്‍
നനഞ്ഞുകുതിര്‍ന്നിരുന്നു
നൃത്തമാടുന്ന പെണ്‍കുട്ടിയില്‍ എനിക്ക് ഒരു കുഞ്ഞ് ജനിക്കുന്നു
അവള്‍ സ്‌പാനിഷില്‍ ചുംബിക്കുമ്പോള്‍
ഏതോ ഭാഷയില്‍ ഞാനതേറ്റുവാങ്ങുന്നു
ആ ഭാഷയില്‍ തന്നെ മരിച്ചുവീഴുന്നു.
2 comments:
ഗിത്താറില്‍ നിന്നു പുറത്തുവരുന്നത്
പണിക്കുറ്റം തീര്‍ന്ന ഗ്രാമവഴികള്‍ തന്നെയാണ്
അതിലൂടെയാണ് പാട്ടുകാര്‍ സ്വന്തം വീട്ടിലേക്ക് പോകുന്നത് ......!!!
kollaam
Post a Comment