പറന്നുപോകുന്ന പക്ഷികളൊന്നും തിരിച്ചുവരുന്നില്ല.

എം.ഫൈസല്‍ 

മൃതിയുടെ ആഘോഷമായ്‌ തുമ്പികള്‍
‍പൊട്ടിവളരുന്ന തീമരങ്ങള്‍ക്കിടയില്‍ .
ജനിതകഭ്രംശം സംഭവിച്ചിട്ടെന്നപോലെ
ഒരു ഭീമന്‍ തുമ്പി ചിറകുകള്‍
വട്ടത്തില്‍ കറക്കിമരണം തുപ്പുന്നു.
പാതകള്‍ , പാലങ്ങള്‍ ,
പാഠശാലകള്‍ ,പാതയോരസത്രങ്ങള്‍ ,
ഭവനങ്ങള്‍ , ആതുരാലയങ്ങള്‍ .
തകര്‍ന്ന ചീനപ്പാത്രങ്ങള്‍ കണക്കെ.
അവശേഷിച്ച മകനെ അവസാനമായൊന്നു
ചുംബിച്ചുകൊണ്ടമ്മയും.
ചോരയാല്‍ , മസൃണതയാല്‍ നനഞ്ഞുപോയ്‌
ഇരു നദികള്‍ക്കിടയിലെ മണ്ണ്.
ഓരോ നിലവിളിയും
കനത്ത മൌനത്തിലേക്ക്‌ വീഴും മുമ്പ്‌
ഒന്നു പിടയുന്നുവല്ലൊ,
ഒന്നു കുതറുന്നുവല്ലൊ.
ചോരയാല്‍ വരക്കുന്നു മെസൊപൊടേമിയ.
റെഡിന്ത്യക്കാരന്റെ ചോരകൊണ്ട്‌
ചോളവയലുകള്‍ നനച്ചവരെ,
മാച്ചുപിച്ചുവിന്റെ ഉയരങ്ങളില്‍
വിഷക്കാറ്റൂതിയവരെ, വരൂ, നോക്കൂ,
ഈ നദികളില്‍ പടര്‍ന്ന ചോര
ആകാശപ്പൂക്കളുടേതല്ല.
ഒഴുകുന്ന ജഡങ്ങള്‍
‍വെറും മനുഷ്യരുടേതല്ല;
നദീവസന്തത്തിന്റേത്‌.
യൂഫ്രട്ടീസ്‌ ടൈഗ്രീസ്‌ വെറും നദികളല്ല.
ധമനികളാണവ, ഓര്‍മ്മകളുടെ.
അവയുടെ നിലക്കാത്ത ഒഴുക്കില്‍ കാണാം
ആര്‍മീനിയന്‍ മലനിരകളുടെ കുളിര്‌ ,
കുന്നിന്‍മുകളിലെ സിഗുരാത്തുകള്‍ ,
മണ്‍ഫലകങ്ങളിലെ ക്യൂണിഫോമുകള്‍ .
എല്ലാം ഈ നദികളില്‍ .
പക്ഷെ, നദികള്‍ക്കുമേല്‍
‍ചോര പെയ്തുപോയെന്നു മാത്രം.

3 comments:

സോണ ജി said...

വളരെ മനോഹരം !
നന്ദി!!!

സോണ ജി said...

വളരെ മനോഹരം !
നന്ദി!!!

ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ said...

santhosham....sona g.
m.faizal