നഗരത്തിന്‍റെ സായാഹ്ന ഭൂപടത്തില്‍ ചില അടയാളപ്പെടുത്തലുകള്‍.


നിരഞ്ജന്‍ .ടി.ജി




















രക്തസാക്ഷിമണ്ഡപത്തിനുമുമ്പില്‍
മുഷ്ടി ചുരുട്ടിയുയര്‍ത്തി 
കാലഘട്ടത്തിന്‍റെ ഗൌരവം 
മൌനമായ് ചാര്‍ത്തി 
ഓര്‍മ്മകളിലേക്കു കൂര്‍ത്തുനില്‍ക്കുന്ന 
സ്തൂപികാഗ്രിതവനങ്ങള്‍ ..
പോക്കുവെയിലിന്‍റെ  
ഇളം ചൂടിലും
പാര്‍ക്കില്‍ നിലം പതിഞ്ഞ്‌
പുലരിമഞ്ഞു തേടി
വിരലുകളിഴയുന്ന
പ്രണയത്തിന്‍റെ സാവന്നകള്‍
പെന്‍ഷന്‍ പരിഷ്കരണത്തിന്‍റെ  
സായാഹ്നചര്‍ച്ചയില്‍  വേരാഴ്ത്തി
തഴമ്പുവന്നു തേഞ്ഞ
സിമന്റ്‌ ബെഞ്ചിനു ചുറ്റും 
വട്ടം കൂടി നില്‍ക്കുന്ന
ഇല പൊഴിയും കാടുകള്‍...
അമ്പത് കഴിഞ്ഞ 
സൈബീരിയന്‍ ശൈത്യം 
കുശുകുശുപ്പിലുരഞ്ഞു 
തീപ്പിടിച്ചകറ്റുന്ന
കൊച്ചമ്മമാരുടെ ക്ലബ്ബിലെ
തുന്ദ്രാ   പ്രദേശം...
പരുക്കന്‍ ലഹരിയുടെ 
നില്പന്‍ കൌണ്ടറില്‍ 
ആടിയുലഞ്ഞു കത്തുന്ന
ആണ്‍വിയര്‍പ്പിന്‍റെ  
ഉഷ്ണമേഖലാ വനങ്ങള്‍..
നഗരഭൂപടത്തിന്‍റെ
അരികുപറ്റിയൊഴുകുന്ന
അഴുക്കുചാല്‍ ചെരിവില്‍ 
ചതഞ്ഞരഞ്ഞ വസന്തം 
പാടുകള്‍ വീഴ്ത്തിയ 
പച്ചപ്പാവാടയ്ക്കൊപ്പം
കീറിപ്പറിഞ്ഞ
ഭൂമിശാസ്ത്രം ടെക്സ്റ്റ്‌...

3 comments:

പ്രവര്‍ത്തകര്‍ ‍, ആനുകാലികകവിത said...

പാടുകള്‍ വീഴ്ത്തിയ
പച്ചപ്പാവാടയ്ക്കൊപ്പം
കീറിപ്പറിഞ്ഞ
ഭൂമിശാസ്ത്രം ടെക്സ്റ്റ്‌..

Rafique Zechariah said...

സമകലീന നഗര ചിത്രം
വരച്ചു വച്ചിരിക്കുന്നു നിരന്‍ജന്‍

MOIDEEN ANGADIMUGAR said...

പരുക്കന്‍ ലഹരിയുടെ
നില്പന്‍ കൌണ്ടറില്‍
ആടിയുലഞ്ഞു കത്തുന്ന
ആണ്‍വിയര്‍പ്പിന്‍റെ
ഉഷ്ണമേഖലാ വനങ്ങള്‍..