ആ മരം

കുഴൂര്‍ വിത്സണ്‍ 




















ഷാര്‍ജയിലെ വില്ലയില്‍
കെട്ടിടച്ചുമരിനോടൊട്ടി
ഒരു ആത്മരം നിന്നിരുന്നു

കണ്ടപാടെ ഉള്ളൊന്നു തുടിച്ചു
ആരും കാണാതെ തൊട്ട് നിറുകയില്‍ വച്ചു
മരങ്ങളെയറിമായിരുന്ന
അപ്പനെയോര്‍ത്തു 

ആത്മാവില്‍ തൊട്ട് അനുവാദം വാങ്ങി
പറിച്ചെടുത്ത ഒരിലയുടെ ഓര്‍മ്മ ഞരമ്പുകള്‍
അവള്‍ അടച്ചു വച്ച പുസ്തകത്തില്‍
ഇപ്പോഴും കാണണം 

ഐശ്വര്യമാണ്
അന്തരീക്ഷം ശുദ്ധീകരിക്കുമെന്നെല്ലാം
മേരിയും പറഞ്ഞു 

പ്രിയനും അഞ്ജനയും പോയ
മുറിയില്‍ പുതിയ ആളുകള്‍ വന്നു
തൊപ്പി വച്ച കൂട്ടരാണെന്ന്
ജയാന്റിയും അച്ചാച്ചനും പറഞ്ഞു 

പൂണൂലും ചന്ദനക്കുറിയുമുള്ള നാരായണന്‍
കൊന്തയും വെന്തിങ്ങയുമുള്ള അന്തോണി
അതിന് ശേഷം ഇത്ര തൊട്ടടുത്ത്
ഇങ്ങനത്തെ ചെറുപ്പക്കാരെ കണ്ടിരുന്നില്ല

ഒരു രാത്രി നിലവിട്ട്
ആ മരത്തെ തൊടാന്‍ ചെന്നപ്പോള്‍
തൊപ്പിക്കാരുടെ മുറിയില്‍ നിന്ന്
ഈണത്തിലുള്ള പ്രസംഗം കേട്ടു

വാക്കുകള്‍ സംഗീതമാകുന്ന
കാലമെന്നോ മറ്റോ
ഉള്ളെന്തോ ഓര്‍ത്തിരുന്നു


വെള്ളിയാഴ്ച്ചയായിരുന്നു അന്ന്

തുളസികള്‍ക്ക് വെള്ളം കൊടുക്കുമ്പോള്‍
മണ്ണില്‍ കിടക്കുന്ന ആത്മരത്തിന്റെ
ചില്ലകള്‍ കണ്ടു 

ഹ്യദയം ചിന്നിച്ചിതറിയതു കണക്കെ അതിന്റെ ഇലകള്‍,
രകതം വാര്‍ന്ന് വെളുത്ത ഞരമ്പുകള്‍

കണ്ണു മുറിഞ്ഞു

ഓടിച്ചെന്നപ്പോള്‍ കണ്ടു
ആകാശത്തേയ്ക്ക് കയ്യുയര്‍ത്തി കേഴുന്ന വിശ്വാസിയെ
നിന്ന നില്‍പ്പില്‍ കൈ വെട്ടിയത് പോലെ
ആ മരം


അപ്പാ,
നാനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു

മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏത് മരം കൊണ്ടാണപ്പാ 

1 comment:

mukthaRionism said...

ഓടിച്ചെന്നപ്പോള്‍ കണ്ടു
ആകാശത്തേയ്ക്ക് കയ്യുയര്‍ത്തി കേഴുന്ന വിശ്വാസിയെ
നിന്ന നില്‍പ്പില്‍ കൈ വെട്ടിയത് പോലെ
ആ മരം


അപ്പാ,
നാനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു

മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏത് മരം കൊണ്ടാണപ്പാ









ആ!
ആ മരം!