സെക്കന്റ് ഷോ (ഷിബു ഷണ്‍മുഖം)


                                                           















ഒരു വശത്തേയ്ക്കാഞ്ഞിരുന്നു ആ മനുഷ്യന്റെ തലമണ്ട. അദൃശ്യമായ
ഒരു തോക്കുകൊണ്ട് എന്തോ ഒന്നില്‍ ഉന്നം പിടിക്കും പോലെ
അയാളുടെ ഒരു കണ്ണ് പാതി അടഞ്ഞിരുന്നു.
- ഗ്രേറ്റ് എക്സ്പെക്റ്റേഷന്‍സ്, ചാള്‍സ് ഡിക്കന്‍സ്



ഒറ്റയ്ക്കു നടക്കുമ്പോള്‍ 
കണ്ണുകള്‍ തല വലിയ്ക്കും
ചുരുണ്ടു കളയും
മണം തേട്ടും നിറം മാറും

ഒറ്റയ്ക്കു കിടക്കുമ്പോള്‍ 
ഉറക്കം ഒളിച്ചുവരും
ചതുരംഗമേശയ്ക്കപ്പുറമിരിക്കും
കളിതുടങ്ങും
പടവുകളിറങ്ങി
കുളക്കരയിലെത്തും
കല്ലെടുത്തെറിയും
കിണറ്റിന്‍ വക്കത്തെത്തി നോക്കി
പുളയുന്ന മുഖം കാണും
ചൂണ്ടയിടും
ഇടയ്ക്കു ചാടിമറിയും പൂഞ്ഞാന്‍
വെള്ളപ്പരപ്പില്‍ പ്രാണി 
തെന്നി തെന്നി നീങ്ങും
ആഹാരം മുടക്കി നീര്‍ക്കോലി ഇഴയും
തവളയെ പിടിക്കും
മുണ്ടി കണ്ണലെണ്ണയൊഴിച്ച്
കാത്തുകാത്തിരുന്ന്
ഒരൊറ്റ തെറ്റുതെറ്റും
കാക്ക എങ്ങുന്നോ പറന്നെത്തി
കുടിവെള്ളത്തിനൊരു തുള്ളി പകരും
ഞണ്ടിറുക്കും കണ്ണില്‍ പരല്‍മീന്‍ മറിയും
നുരയും പതയും ഓളവും വെട്ടലും

ഒറ്റയ്ക്കിരിക്കുമ്പോള്‍ 
മുറി അലിഞ്ഞ് ജലമാകും
ഭിത്തികള്‍ ചുഴികളായി വലയം ചെയîും
അടിയൊഴുക്ക് കാലുവലിയ്ക്കും
മുറിവുകളില്‍ മീന്‍ കൊത്തും
മുങ്ങിനിവരുമ്പോള്‍ കണ്ണില്‍ കരടുപോകും
ചുവക്കും ചെവിയില്‍ നെറുകയില്‍ 
വെള്ളം കേറും ചുമയ്ക്കും

ഒറ്റയ്ക്കു കാണുമ്പോള്‍ 
കുളിമുറിയിലാകും
ചുവരിലെ പാടും പൂപ്പലും വേഷം മാറും
തലകളാകും പൈപ്പുകടിച്ചുപിടിച്ച 
തൊപ്പിവെച്ച ഷര്‍ലക് ഹോംസാകും
ഷൂസിലെ ചെളിമണ്ണ് ദേശം 
കൃത്യമായി പറയും പ്രതിയെ തിരയും
അവശേഷിച്ചതൊക്കെ സാക്ഷി പറയും
നഖം കടിയ്ക്കും ചൊറിയും
വിരലറിയാതെ രഹസ്യത്തെ തൊടും
കാറ്റിലും കോളിലുമുള്ളത്തില്‍ 
വെള്ളിത്തിര മറിയുമ്പോള്‍
കപ്പല്‍ ചരിയുമ്പോള്‍
വാക്ക് കുമിളയായ് നുരയുമ്പോള്‍
ടിയര്‍ ഗ്യാസ് പൊട്ടുമ്പോള്‍ 
ആകാശത്തേയ്ക്കു മൂവട്ടം നിറയൊഴിക്കുമ്പോള്‍ 
ചിറകൊടിഞ്ഞാകാശം മൂവട്ടം 
ഹേ റാം ചൊല്ലി നിലംപൊത്തുമ്പോള്‍ 
മൃഷ്ടാന്നം കഴിഞ്ഞ് തിന്നുകൊറിച്ച് 
ചിറിതുടച്ചിരുട്ടില്‍ ഡോള്‍ബി പതുങ്ങിമുരളുമ്പോള്‍
ഹൌസ് ഫുള്ളിനു പിറകിലെ കോട്ടകൊത്തളത്തില്‍ 
പ്രൊജക്റ്ററേപ്പററ്റരുടെ ഏകനിതാന്ത ജാഗ്രത
മയങ്ങി മുന്നോട്ടായും തലയിടിക്കും
പടം ഇടയ്ക്കിടയ്ക്ക് മങ്ങും 
കൂക്കുവിളിയുയരും തെളിയും

ഒറ്റയ്ക്കു തിന്നുമ്പോള്‍ 
മുലപ്പാല്‍ നാക്കുനീട്ടി മാളത്തില്‍ നിന്നിഴഞ്ഞിറങ്ങിവരും
പഞ്ഞപ്പുല്ല് ആള്‍പ്പെരുമാറ്റമില്ലാതെ 
ആകാശമുലച്ചാര്‍ത്തലച്ചു വളരും
ഇയîാംപാറ്റയന്നം അടിത്തട്ടില്‍ നിന്നും 
തെരുതെരെ പറന്നുപൊങ്ങി 
കാര്‍മേഘം ചമയ്ക്കും കാഴ്ച്ചമറയ്ക്കും
കുടിച്ചതിപ്പടി മഴയായുതിരും
കാലൊച്ച കേട്ട് കറി വെള്ളത്തില്‍ മുങ്ങിക്കളയും
തോരനും മെഴുവരട്ടിയും വെടിയൊച്ചകേട്ടു
ചിറകടിച്ചാര്‍ത്തകലും
എരിവും പുളിയും ഒളിച്ചുകളിയ്ക്കും
കുടിവെള്ളം പകച്ചു കടലില്‍ ചാടിമറയും
കാട്ടുപന്നി പ്രാതലായ് നേര്‍ക്കുനേര്‍ വരും
ഉറക്കം കഴിഞ്ഞ് മൂരിനിവര്‍ന്ന്
ശരീരം കുലച്ച വില്ലാകും
കണ്ണുകള്‍ തിളങ്ങും
നഖങ്ങള്‍ വളരും 
രോമാഞ്ചമെഴുന്നേല്‍ക്കും
കാടും മേടും താണ്ടി നാട്ടിലെത്തി 
രാത്രിയില്‍ തൊഴുത്തിലെ പശുവെ പിടിയ്ക്കും

ഒറ്റയ്ക്കു നടക്കുമ്പോള്‍ 
ഒറ്റയ്ക്കു കിടക്കുമ്പോള്‍ 
ഒറ്റയ്ക്കിരിക്കുമ്പോള്‍ 
ഒറ്റയ്ക്കു തിന്നുമ്പോള്‍ 
വായ ചിന്തിയ്ക്കും
കണ്ണുകള്‍ തിന്നും
ചെവി കാണും
മൂക്ക് രുചിയ്ക്കും
വായു അകമുലച്ചുപിഴുത് ചീറിയടിച്ച് 
ഭുകാരത്തില്‍ പുറത്തേയ്ക്കു പായും
ത്വക്ക് കൊടിക്കൂറയായി പാറും.

No comments: